District News
ആലപ്പുഴ: ക്രിസ്മസ് ആഘോഷത്തിനു തിരശീല വീണു. പക്ഷേ, ജില്ല ഇനി ഉണരുന്നത് ഫെസ്റ്റിവല്‍ മൂഡിലേക്ക്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. ക്രിസ്മസ് ആഘോഷങ്ങള്‍ ദേവാലയത്തിലാണ് നടന്നതെങ്കില്‍ ബീച്ചുകളും പാര്‍ക്കുകളും കേന്ദ്രീകരിച്ചാണു പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നത്. 31നു രാത്രി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയയിടങ്ങളില്‍ പുതുവത്സര ആഘോഷം നടക്കും. ഇവയ്ക്കു പുറമേ ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളും ജില്ലയില്‍ നടക്കുന്നുണ്ട്. ആലപ്പുഴ നഗരത്തില്‍ മുല്ലയ്ക്കല് ചിറപ്പിനോട് അനുബന്ധിച്ചുള്ള കാര്‍ണിവല്‍ സജ്ജമായിക്കഴിഞ്ഞു. ചിറപ്പ് 27നു സമാപിക്കുമെങ്കിലും കാര്‍ണിവല്‍ ഏതാനും ദിവസംകൂടി തുടരാനാണു സാധ്യത.
ബീച്ച് ഫെസ്റ്റ് ഇന്നു മുതൽ
ആലപ്പുഴ ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ബീച്ച് ഫെസ്റ്റ് ഇന്ന്റേഡിയോ മാംഗോയുടെ പരിപാടിയോടെ ആരംഭിക്കും. 'മാംഗോ ബീറ്റ്സ്' എന്ന പേരില്‍ ഡി.ജെ. സാവിയോ നയിക്കുന്ന ഡിജെയാണു പ്രധാന ആകര്‍ഷണം.
31നു രാത്രി വരെയാണു പരിപാടികള്‍. ബീച്ചിനെ രാത്രിയുടെ ആഘോഷത്തിമിര്‍പ്പിലാക്കുന്ന ദിവസങ്ങളാകും ഇത്. മത്സരങ്ങളും വിവിധ കലാപരിപാടികളുമായി ബീച്ച് ഫെസ്റ്റ് ഉത്സവാന്തരീക്ഷം സൃഷ്ടിക്കും.
31നു രാത്രി ബാന്‍ഡ്, ഡിജെ തുടങ്ങിയവയുമുണ്ടാകും. നിലവില്‍ ആലപ്പുഴ ബീച്ചില്‍ സ്വകാര്യ സ്ഥാപനത്തിന്റെ കാര്‍ണിവല്‍ നടക്കുന്നുണ്ട്
ചേര്‍ത്തല ഫെസ്റ്റ്29 മുതല്‍ 31 വരെ
ചേര്‍ത്തല ടിബി കനാല്‍ക്കരയിൽ 29 മുതല്‍ 31 വരെ കനാല്‍ ഫെസ്റ്റ് നടക്കും. വൈകിട്ട് എഎസ് കനാല്‍ വശങ്ങളില് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ ഫെസ്റ്റ് വിളംബര വിളക്കു തെളിക്കും. 30നു വൈകിട്ട് ആറിനു ഡാന്‍സ് മത്സരം, 31ന് ഉച്ചയ്ക്ക് രണ്ടിനു ചേര്‍ത്തലയിലെ ടൂറിസം സാധ്യതകള്‍ ശില്പശാല, ആറിനു മെഗാ ഷോ എന്നിവ നടക്കും.
മാരാരിക്കുളം ഫെസ്റ്റ്
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം ബീച്ചില്‍ നടത്തുന്ന ഫെസ്റ്റ് നാളെ തുടങ്ങിയേക്കും. ഇവിടെയും സംഗീത പരിപാടികളാണു പ്രധാനമായും ഉണ്ടാവുക.
ഉളവയ്പ് കാര്‍ണിവല്‍
കൊച്ചി കാര്‍ണിവലിന്റെ മാതൃകയില്‍ ജില്ലയില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് ഉളവയ്പ് കായല്‍ കാര്‍ണിവലിലാണ്. ഇത്തവണ 25 അടി ഉയരമുള്ള വൈക്കോലില്‍ പാപ്പാഞ്ഞിയെയാണ് ഒരുക്കുന്നത്. ഇന്‍ഫ്ലുവന്‍സറും ഗായകനുമായ നിധീഷിന്റെ സംഗീത പരിപാടി "നിധീഷ് കത്തിക്കുന്നു' എന്ന പേരില്‍ 31നു രാത്രി എട്ടിനു നടക്കും.
Leader Page
ക്രിസ്മസ് മനോഹരമായ ഓർമയും സുദിനവുമാണ്. യേശുവിന്റെ ജന്മദിനമാണ് നാം ആഘോഷിക്കുന്നത്. ഇത്രയും ആഘോഷിക്കാൻ അർഹമായ, ആകർഷകമായ മറ്റേതു ദിനമാണുള്ളത്? യേശു ദൈവത്തിന്റെ പുത്രനാണ്. ദൈവം നമുക്കു നൽകിയ മഹത്തായ സമ്മാനവും സന്ദേശവുമാണ് യേശു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ആ സമ്മാനം നിത്യജീവിതമാണ്. ലൗകികജീവികളായ നമുക്കു നിരവധി പ്രശ്നങ്ങളുണ്ട്.
ജീവിതം ദുഃഖമയമാണെന്ന് പഴയ നിയമത്തിൽ സഭാപ്രസംഗകൻ പറയുന്നുണ്ട്. യേശു മനുഷ്യന്റെ സങ്കടങ്ങൾക്ക് അനിർവചനീയമായ പ്രഭാവത്തോടെ പരിഹാരം കണ്ടെത്തുമെന്നതിന്റെ സൂചനയായി ആ വാക്കുകളെ കാണാം.
ജീവിതത്തിന് അർഥമില്ലെങ്കിലും അർഥം നൽകാൻ ശേഷിയുള്ള ഒരാൾ പിറക്കുമെന്ന ആശയം സഭാപ്രസംഗകന്റെ വാക്കുകളുടെ അടിയിൽ പരിശോധിച്ചാൽ മനസിലാകും. നിത്യമായ ശോകത്തെയും രോഗപീഡയെയും അതിജീവിക്കാൻ മനുഷ്യന് ഒരാശയം ആവശ്യമായിരുന്നു; പ്രാപഞ്ചികമായ ആവശ്യമായിരുന്നു. അതിന്റെ നിവൃത്തിക്കുവേണ്ടിയാണ് യേശു പിറക്കുന്നത്. ഇതു വിശ്വാസത്തിന് അർഥമുണ്ടാക്കുകയാണ്.
കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു ശക്തിയെ വിശ്വസിക്കുന്നതുപോലെയല്ലിത്. ജീവിതത്തിലെ വേദനയിലൂടെ നാം സഞ്ചരിച്ച് അനുഭവിക്കുന്ന നിത്യതയാണ് യേശു. അവിടന്ന് നമ്മുടെ ശരീരത്തിലുണ്ട്. നാം അത് അറിയുകയേ വേണ്ടൂ. ഓരോ നിമിഷവും യേശു നമ്മളിൽ ജനിക്കുന്നു. അതാണ് പ്രതീക്ഷയായും പുഞ്ചിരിയായും അനുകമ്പയായും മറ്റുള്ളവർക്കുള്ള പ്രാർഥനയായും സേവനമായും വിടരുന്നത്. അത് വ്യക്തി അനുഭവിക്കുന്നതാണ്.
എത്ര കള്ളനായാലും ചതിയനായാലും ഒരു മനുഷ്യവ്യക്തിക്ക് യേശുവിനെ കൂടാതെ ജീവിക്കാനൊക്കുകയില്ല. കാരണം അവനിൽ നൈമിഷികമായ സ്നേഹമോ മതമോ സ്നിഗ്ധമായ ഓർമയോ ഒരു മിന്നൽപോലെ വന്നു കടന്നുപോകുന്നുണ്ട്. അത് അവനിലെ യേശുവിന്റെ പ്രസന്നതയാണ്. അത് ഈ ഭൂമിയിലെ സങ്കടങ്ങളിൽ, കോപങ്ങളിൽ അവൻ ഒറ്റയ്ക്കല്ല എന്ന് ഓർമിപ്പിക്കുന്നു.
വാൻഗോഗിന്റെ "നക്ഷത്രാങ്കിതമായ രാത്രി' (starry night) എന്ന ചിത്രത്തിൽ യേശുവിന്റെ ഭാവമാണുള്ളത്. ഭൂമിയിലെ ജീവിതത്തിൽ വല്ലാതെ കഷ്ടപ്പെടുകയും ഒരു നേരത്തെ ആഹാരത്തിനുവേണ്ടി സകല വാതിലുകളിലും മുട്ടുകയും തെണ്ടിനടക്കുകയും ചെയ്യുന്നവർ ഈ ലോകത്ത് ധാരാളമുണ്ട്. അവർക്കുവേണ്ടി ത്രസിക്കുന്ന നക്ഷത്രങ്ങളെയാണ് വാൻഗോഗ് വരച്ചുവച്ചിരിക്കുന്നത്. ആ നക്ഷത്രങ്ങൾ എന്താണു ചെയ്യുന്നത്? അവ അക്ഷമരാണ്.
ഭൂമിയിലെ പതിതർക്കു വെളിച്ചമെത്തിക്കാൻ ഉറക്കമൊഴിയുകയാണ്, പരിഭ്രമിക്കുകയാണ്. സഹായിക്കാനുള്ള ത്വര നിമിത്തം ഭൂതബാധിതരെപോലെ ഉഴറുകയാണ്. ഭൂമിയിലെ മനുഷ്യർ നൂറുകൂട്ടം പ്രതിസന്ധികളിൽ തനിച്ചല്ല; യേശുവിന്റെ നോട്ടമുണ്ട് എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
നിത്യജീവിതം നമ്മുടെ ശരീരത്തിന്റെ അതിർത്തിയിൽനിന്ന് ആരംഭിക്കുകയാണ്. പ്രപഞ്ചത്തിന്റെ നിത്യതയിലേക്കു നശ്വരരായ നാം എങ്ങനെ പ്രവേശിക്കും? നമുക്കു പാപം ചെയ്യാതെ ജീവിക്കാനൊക്കുകയില്ല. ലാഭമുണ്ടാക്കുന്നവൻ വേറൊരു മനുഷ്യന്റെ ധനത്തിൽനിന്ന് ഒരു പങ്ക് അപഹരിക്കാതിരിക്കുന്നില്ല. ദാനം ചെയ്യുന്നവൻ താൻ വലിയവനാണെന്നു വിചാരിക്കുകയാണെങ്കിൽ അത് തിന്മയാണ്.
ഇതരജീവികളെ ഹിംസിക്കാതെ മനുഷ്യർക്കു ജീവിക്കാനൊക്കുകയില്ല. തെറ്റു ചെയ്തുകൊണ്ടുതന്നെ മനുഷ്യൻ സഞ്ചരിക്കുകയാണ്. കൃത്രിമബുദ്ധിയുടെ ഈ കാലത്തും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിച്ചിട്ടില്ല. ഒരു രാജ്യവും സുരക്ഷിതമല്ല എന്ന ചിന്ത പടരുന്നു. അതുകൊണ്ട് പാപം ഒരു നിലവാരപ്പെടലാണ്. അത് എല്ലാവരുടെയും തലയ്ക്കു മുകളിൽ ഒരു വാളായി തൂങ്ങിനിൽക്കുന്നു. പാപിയാകാതിരിക്കാനുള്ള ശ്രമങ്ങളുണ്ടെങ്കിലും അതു നീണ്ടുനിൽക്കുന്നില്ല.
പാപം ചെയ്യുന്നുണ്ടെന്നു നാം തിരിച്ചറിഞ്ഞാൽ ഒരു വഴി തെളിയും. അതാണ് ശ്രദ്ധിക്കേണ്ടത്. യേശു ആ പാപത്തെ നമ്മളിൽനിന്ന് എടുത്തുമാറ്റുമെന്ന് ഉറപ്പു നൽകുന്നു. ദൈവത്തിന്റെ പ്രസക്തിയും സ്ഥാനവും നാം ഉൾക്കൊള്ളുകയാണെങ്കിൽ നമ്മളിൽ മറ്റുള്ളവരോടുള്ള സ്നേഹവും ദയയും ഉണ്ടാകും.
ദൈവത്തിന്റെ സാന്നിധ്യത്തെ നാം ശരീരത്തിലും മനസിലും ഉൾക്കൊള്ളുന്നതോടെ നമ്മളിൽ യേശുവിന്റെ ജീവിതം ആരംഭിക്കുകയാണ്. നാം അനീതിക്കു കൂട്ടുനിൽക്കുകയോ സത്യം പറയാതിരിക്കുകയോ ചെയ്യുമ്പോൾ യേശുവിനെ കുരിശിൽ തറയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കസൻദ്സാക്കീസിന്റെ "ക്രൈസ്റ്റ് റീക്രൂസിഫൈഡ്' എന്ന നോവലിൽ യേശു നമ്മുടെ മജ്ജയിൽ കുരിശിലേറ്റപ്പെട്ടിരിക്കുന്നു എന്നെഴുതിയത്. ഈ പ്രതിസന്ധി ഓർമിപ്പിക്കാനാണ് പാപത്തിന്റെ ശമ്പളം മരണമാണെന്ന് ബൈബിൾ പറയുന്നത്. എന്നാൽ ദൈവത്തിന്റെ സമ്മാനമോ? അത് നിത്യമായ ജീവനാണ്.
നമുക്ക് ലഭിക്കാവുന്ന ക്ഷേമം അല്ലെങ്കിൽ മോക്ഷം നമ്മളിലേക്കു വരുന്നത് തടയാതിരിക്കൂ എന്നാണ് ക്രിസ്മസ് ഓർമിപ്പിക്കുന്നത്. അത് മനസിന്റെ അടിയിൽനിന്ന് ഉയർന്നുവരേണ്ട ഒരു പ്രതിജ്ഞപോലെയാണ്. കുഞ്ഞുങ്ങളെയും ഗർഭിണികളെയും അമ്മമാരെയും സംരക്ഷിക്കണം. കുഞ്ഞുങ്ങളെ യേശുവിനു വളരെ ഇഷ്ടമായിരുന്നു.
കുഞ്ഞുങ്ങൾ മനുഷ്യരാശിയുടെ ഏറ്റവും ശ്രേഷ്ഠമായ സ്വഭാവവും ഗുണവും പ്രദർശിപ്പിക്കുന്നു. അവർക്ക് പകയോ ദ്വേഷമോ ഇല്ല. അവർ ആരെയും വിധിക്കുന്നില്ല. അവർ മനുഷ്യരാശിക്ക് ഒരു മാർഗദീപമായി മുന്നിൽ നടക്കുകയാണ്. ക്രിസ്മസ് നമ്മോട് ഈ ലോകത്തിന്റെ ശൈശവത്തെക്കുറിച്ച് ഓർമിപ്പിക്കുന്നു. പാപങ്ങളിൽനിന്നും ദ്രോഹങ്ങളിൽനിന്നും പിൻവാങ്ങി ശൈശവകാലത്തിന്റെ നിഷ്കളങ്കതയെ അറിയാനുള്ള ഒരു വിളിയാണത്.
യേശുവിന്റെ ജനനം ലളിതമായ സാഹചര്യത്തിലാണ്. കാലിത്തൊഴുത്തിൽ ദൈവത്തിന്റെ മകനു പിറക്കാമെന്നത് നമ്മെ ഏറ്റവും വിനീതരും ദാസന്മാരും ദയാലുക്കളുമാകാൻ പ്രേരിപ്പിക്കുകയാണ്. മനുഷ്യനിൽ മഹത്തായ സമാധാനം അന്തർഭവിച്ചിട്ടുണ്ട്. അത് എപ്പോഴാണ് ഉത്ഥാനം ചെയ്യുന്നത്? അന്യരോട് ദയ തോന്നുന്ന നിമിഷം നമ്മെ വ്യക്തിപരമായ സങ്കുചിതത്വങ്ങളിൽ നിന്നുയർത്തുകയാണ്. ഉത്ഥാനവും നമ്മളിലാണ്.
പാപത്തിൽനിന്ന് മോചനം വേണമെങ്കിൽ മിതത്വത്തെയും എളിമയെയും അംഗീകരിക്കണം. ആഗ്രഹങ്ങളെ വിഷമയമാക്കരുത്.നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞതിലൂടെ ലോകത്ത് എവിടെയുമുള്ളവർ നമ്മുടെ അയൽക്കാരാണെന്ന മഹത്തായ ആശയമാണ് ലക്ഷ്യം വയ്ക്കുന്നത്.
വീടിനു തൊട്ടടുത്തുള്ളയാളല്ല വിവക്ഷ; സഹായം ആവശ്യമുള്ള ഏതൊരാളും നമ്മുടെ അയൽക്കാരാണ്. അവരെ അറിയുമ്പോൾ നാം നമ്മളിലുള്ള യേശുവിനെ സ്പർശിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളോടുമുള്ള ദയയാണ് യേശു നമുക്ക് നൽകിയ മനുഷ്യത്വം. ക്രിസ്മസ് നമ്മളിലേക്കു കൊണ്ടുവരുന്നത് ഈ മനുഷ്യത്വത്തിനു മരണമില്ലെന്ന സന്ദേശമാണ്. ഭീകരപ്രവർത്തനത്തിന്റെയും വർഗീയകലാപത്തിന്റെയും ഈ കാലത്ത് നാം യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ചുള്ള പാഠം ശ്രദ്ധയോടെ പഠിക്കേണ്ടിയിരിക്കുന്നു. അതിലടിയുറച്ചു നിൽക്കേണ്ടതുണ്ട്.
വെറുപ്പ് യേശുവിനെതിരാണ്. വിദ്വേഷത്തിൽ യേശുവില്ല. സ്നേഹത്തിലാണ് യേശുവുള്ളത്. ഹെറോദേസ് രാജാവിനെ പേടിച്ച് യേശുവിന്റെ മാതാപിതാക്കൾക്ക് നാടുവിടേണ്ടി വന്നു. ഇത് എന്താണ് സൂചിപ്പിക്കുന്നത്? അഗതികളെ സഹായിക്കണം. “എനിക്ക് വിശന്നു, നിങ്ങൾ എനിക്ക് കഴിക്കാൻ ഭക്ഷണം തന്നു” എന്ന വാക്യം നിരാലംബരെ സഹായിക്കണമെന്ന ആശയമാണ് അവതരിപ്പിക്കുന്നത്.
ഏറ്റവും തിരസ്കൃതരായവരോട് കൃപകാണിക്കുമ്പോൾ യേശുവിനെ സ്പർശിക്കുകയാണെന്നറിയുക. ക്രിസ്മസ് ദിനം ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുകയാണ്. ക്ഷമിക്കാനും സഹിക്കാനുമുള്ള മനസ് നഷ്ടപ്പെടുത്തരുത്. എല്ലാം വ്യവഹാരത്തിലൂടെയും കോടതിയിലൂടെയും മാത്രം പരിഹരിക്കാമെന്ന ചിന്ത യേശുവിനെതിരാണ്. മനുഷ്യൻ മനുഷ്യനോളം വളരുന്നില്ല എന്ന ദുഃഖമാണതിലുള്ളത്. അതുകൊണ്ട് ക്രിസ്മസ് നമ്മെ മനഷ്യരാക്കാനുള്ളതാണ്. മനുഷ്യന്റെ ജീവിതത്തിന് അർഥമുണ്ടെന്ന ഉറപ്പാണത്.
NRI
ബോണ്‍: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ജര്‍മന്‍ മേഖല യുവജന സംഗമം "അമിഗോസ് 2025' ശനിയാഴ്ച ബോണ്‍ ഹോളി സ്പിരിറ്റ് ദൈവാലയ ഹാളില്‍ നടത്തി.
എംസിവൈഎം ഭരണസമിതി അംഗങ്ങള്‍ നേതൃത്വം നല്കിയ സംഗമത്തില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് പതാക ഉയര്‍ത്തി, എംസിവൈഎം ഗാനം ആലപിച്ചും പ്രതിജ്ഞ ചൊല്ലിയും സംഗമത്തിന് ആരംഭം കുറിച്ചു.
ഡയറക്ടര്‍ ഫാ.ഡോ. ജോസഫ് ചേലംപറമ്പത്ത് സ്വാഗതം ആശംസിച്ചു. ക്രിസ്തുവിന്റെ സ്നേഹത്താല്‍ ഒന്നിച്ചുകൂടി, യുവജനങ്ങള്‍ തങ്ങളുടെ പ്രതിഭകളും സമര്‍പ്പണവും പ്രാര്‍ഥനയും ചേര്‍ത്തുള്ള ഒരു വിശേഷദിനമാണന്നും പ്രത്യേകിച്ച് ഉണ്ണിയേശുവിന്റെ പിറവിത്തിരുനാളിന്റെ ആഗമനകാലത്തിലേയ്ക്കു കടക്കുമ്പോള്‍ ഒരുവലിയ പ്രതീക്ഷയുടെ സംഗമാണന്നും ഫാ. ജോസഫ് പറഞ്ഞു.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജ് ഒരുക്കിയ പുൽക്കൂട് വ്യത്യസ്തമായി. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ മണലാരണ്യത്തിനു മധ്യേ ബത്ലഹേം നഗരത്തിന്റെ മാതൃകയൊരുക്കിയാണ് പുൽക്കൂട് തയാറാക്കിയത്.
ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപരിസരത്തെ സർഗാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് പുൽക്കൂടിന്റെ ശിൽപിമാരായ ഷിധിൻ ജോസഫ്, ബെൻജിത്ത് സേവ്യർ, ചാക്കോച്ചൻ, ഉണ്ണി റ്റോമിൻ, ജയ്മോൻ ജോസഫ്, അൻഡ്രൂസ് തോമസ്, അന്റോ ജോസഫ്, ലിജോ ജോർജ് എന്നിവർ.
പുൽക്കൂട് പൂർത്തിയായതോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കോളജിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്കും തുടക്കമായി. ആഘോഷങ്ങൾ ഔദ്യോഗികമായി കോളജ് മാനേജർ വെരി റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.
ചൊവ്വാഴ്ച വിദ്യാർഥികൾക്കായി വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് ക്യാമ്പസിൽ സംഘടിപ്പിച്ചിരിക്കുന്നത്.
Kerala
കൊച്ചി: മൂവായിരം പാപ്പാഞ്ഞികളും മാലാഖമാരും അണിനിരക്കുന്ന വിസ്മയരാവ് റാലി ഡിസംബര്‍ 22ന് കൊച്ചിയില്‍. എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു പള്ളികളിലെ വിശ്വാസികളും പ്രദേശവാസികളും ചേര്‍ന്നാണ് റാലി ഒരുക്കുന്നത്. എളംകുളം ഫാത്തിമ മാതാ പള്ളിയില്‍നിന്ന് ആരംഭിക്കുന്ന റാലി വൈകുന്നേരം ആറിന് ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മിസ്റ്റിക്കല്‍ യൂണിറ്റി എന്ന ലക്ഷ്യത്തോടെയാണ് വിസ്മയരാവ് നടത്തുന്നതെന്നു പരിപാടിയുടെ ജനറല്‍ കണ്‍വീനറും ഫാത്തിമ മാതാ ചര്‍ച്ച് വികാരിയുമായ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കി. ജാതിമത ഭേദമില്ലാതെ ആളുകളെ ഒന്നിപ്പിച്ച് നിര്‍ത്താനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഫാ. മാര്ട്ടിന് വ്യക്തമാക്കി.
അതേസമയം, പ്രദേശത്തെ കൗണ്‍സിലര്‍മാരായ ജിസന്‍ ജോര്‍ജ്, പി.ഡി. മാര്ട്ടിന്, അനു കെ. തങ്കച്ചന്, ആന്റണി പൈനുതറ, നിര്‍മല ടീച്ചര്‍, പി.ഡി. നിഷ, എം.എക്സ്. സെബാസ്റ്റ്യന്‍, കെ.എക്സ്. ഫ്രാന്‍സിസ്, ഷെനു എം. മാത്യൂസ് എന്നിവര്‍ റാലിക്കു നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഇവരെ അനുമോദിക്കും.
അസിസ്റ്റന്റ് കമ്മീഷണര്‍ സിബി ടോം ആണ് റാലി ഫ്ലാഗ് ഓഫ് ചെയ്യുക. ഒന്‍പതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികള്‍ ചേര്‍ന്നു ദീപം തെളിച്ച് ഈ സംഗമത്തിനു തുടക്കം കുറിക്കും.
സിഎസ്ഐ ക്രൈസ്റ്റ്ചര്‍ച്ച് വികാരി റവ. പി.കെ മാമ്മന്‍ ഹെനോസിസ് മെമന്റോ വിശിഷ്ടാതിഥികള്‍ക്കു സമ്മാനിക്കും. വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ് ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, ലിറ്റില്‍ ഫ്ലവര്‍, കടവന്ത്ര സെന്റ് ജോസഫ്, സെന്റ് സെബാസ്റ്റ്യന്‍ എന്നീ പള്ളികളിലെ വിശ്വാസികളും പ്രദേശവാസികളുമാണ് ഈ റാലിയില്‍ പങ്കെടുക്കുക.
Samskarikam
തൂമഞ്ഞു പെയ്യുന്ന രാവിന്റെ വീഥിയിൽ
ഒരു കുഞ്ഞു താരകം പുഞ്ചിരിച്ചു
ഹേമന്തമേകിയ തൂമന്ദഹാസത്തിൽ
രാജകുമാരകർ സഞ്ചരിച്ചു
കാരുണ്യവാനായ ദൈവകുമാരകൻ
കാലപ്രവാഹത്തിൽ വന്നുദിച്ചു
കാലികൾ മേയുന്ന കാലിത്തൊഴുത്തതിൽ
ദിവ്യപ്രകാശമായ് അന്നുദിച്ചു
ആടിന്നിടയരും കാത്തിരുന്നാദിനം
ആശയോടെവരും പാർത്തിരുന്നു
ഇടയച്ചെറുക്കനാമൊരുകുഞ്ഞു ബാലന-
ന്നിടയഗണത്തിലുണ്ടായിരുന്നു
ഇടയതലവന്മാരേവരും ചൊല്ലിയ
കഥയവനൊന്നോന്നായോർത്തുവച്ചു
ആരോരുമില്ലാത്തൊരാകുഞ്ഞു പൈതലി-
ന്നുണ്ണിയെ കാണുവാനാശ തോന്നി
രാപ്പാടിപ്പാട്ടുകൾ കേട്ടിടുമാഗണം
തെല്ലുമയക്കത്തിലായ രാവിൽ
കാർമേഘമാലകൾ മാറിമറിഞ്ഞൊരാ
വെണ്ണിലാ വാനിലായ് നോക്കിനിൽക്കെ
കൺചിമ്മി നോക്കണ താരകകുഞ്ഞിന്റെ
ചാരത്തു കണ്ടവൻ വെൺതാരകം
ഇടയകഥയിലെ രാജരാജന്മാർക്കു
വഴികാട്ടിയാണതെന്നോർത്തനേരം
ഇടയ കുടാരത്തിന്നരികിലൊരു കോണിൽ
കേട്ടവൻ പുണ്യമാം ശാന്തിഗീതം
ഞെട്ടി വിറച്ചൊരിടയഗണമെല്ലാം
പൊട്ടി ത്തെറിച്ചോടി നാലുപാടും
ഇണ്ടലടങ്ങാത്ത വിണ്ഡലമാകവേ
കണ്ടതും നെഞ്ചകം വിണ്ടു കീറി
വെള്ളിവെളിച്ചമാം വാനിലെ ദൂതരെ
ഭീതിയോടെവരും നോക്കിനിൽക്കെ
മാലാഖ വാനവർക്കായന്നു ചൊല്ലിയ
ശാന്തി ഗീതം വാനിലാർത്തിരമ്പി
“അത്യുന്നതനെന്നും സ്തോത്രമുണ്ടാവട്ടെ
ഭൂമിയിൽ മർത്യർക്കു ശാന്തി നിത്യം.”
ദൈവ കുമാരകൻ മർത്യനായ് ഭൂവിതിൽ
ബേത്ലഹേം പുൽക്കൂട് പൂകിയത്രെ!”
ഉണ്ണി പിറന്നെന്ന വാർത്തകേട്ടന്നേര-
മാനന്ദമൊട്ടാകെ ആർത്തിരമ്പി.
ആടുകൾ മാടുകൾ മേടുകൾ കേറിയ-
ന്നിടയ രാജാവിനെ കണ്ടു പോരാൻ.
തൻ്റെ കുഞ്ഞാടിനേം കാഴ്ചനൽകീടുവാ-
നിടയച്ചെറുക്കനും യാത്രയായി.
തൂമഞ്ഞു പെയ്തൊരാ രാവിന്റെ വീഥിയിൽ
ആ കുഞ്ഞു താരകം പുഞ്ചിരിച്ചു.
ഹേമന്ത മേകിയ തൂമന്ദഹാസത്തിൽ
ആട്ടിടയന്മാരും സഞ്ചരിച്ചു.
കാലികൾ മേയുന്ന കാലിത്തൊഴുത്തതിൽ
ഇടയരവരന്നു ചെന്നു ചേർന്നു.
ഉണ്ണിയെ കണ്ടവർ അമ്മ മാതാവിനും
പുണ്യനാം താതൻ യൗസേപ്പിനൊപ്പം.
ഇടയരവരങ്ങു നോക്കി നിന്നീടവെ
ഇടയച്ചെറുക്കനൊന്നെത്തി നോക്കി.
ഉണ്ണിയെ കണ്ടുടൻ കണ്ണുനിറഞ്ഞുപോയ്
കണ്ണീരുകാഴ്ചയായ് വീണു മുന്നിൽ.
ആരോരുമില്ലാത്തൊരിടയനാം പൈതലി-
ന്നുടയവനുള്ളതായ് തോന്നിയപ്പോൾ.
ഇടയനാം പൈതലിൻ തൂമന്ദഹാസത്തിൽ
കുഞ്ഞിളം പൈതലും പുഞ്ചിരിച്ചു.
മാലാഖമാരുടെ ഗാനത്തിനൊപ്പമന്നി-
ടയരും പാടിയാ ശാന്തി ഗീതം.
“അത്യുന്നതനെന്നും സ്തോത്രമുണ്ടാവട്ടെ
ഭൂമിയിൽ മർത്യർക്കു ശാന്തി നിത്യം”.
"ഭൂമിയിൽ മർത്യർക്കു നന്മയുണ്ടാകട്ടെ
സന്മനസുള്ളോർക്കു ശാന്തി നിത്യം ….."
Kerala
പരവൂർ: ക്രിസ്മസ്-പുതുവത്സര തിരക്കുകൾ കണക്കിലെടുത്ത് മംഗളൂരു ജംഗ്ഷൻ– തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.
മംഗളൂരു ജംഗ്ഷൻ– തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ (06041) നാളെ മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്ചകളിൽ സർവീസ് നടത്തും. വൈകുന്നേരം ആറിന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിൽ എത്തും.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്– മംഗളൂരു ജംഗ്ഷൻ (06042) പ്രതിവാര സ്പെഷൽ ഡിസംബർ എട്ടു മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. രാവിലെ 8.30ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് രാത്രി 8.30ന് മംഗളൂരു ജംഗ്ഷനിലെത്തും.
NRI
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ക്വയറിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ ഗായകസംഘങ്ങൾക്കായി നടത്തുന്ന കരോൾ ഗാന മത്സരം (ക്വന്തിശ് 2025) ശനിയാഴ്ച ലെസ്റ്ററിൽ നടക്കും.
രൂപതയിലെ വിവിധ ഇടവക, മിഷൻ പ്രൊപ്പോസഡ് മിഷനുകളിലെ ഗായക സംഘങ്ങൾ പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ സെഡാർസ് അക്കാദമി ഹാളിൽ നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രൂപതയിലെ വിവിധ ഗായക സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിജയികൾ ആകുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നൽകും. വൈകുന്നേരം നടക്കുന്ന സമ്മാന ദാന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്രിസ്മസ് സന്ദേശം നൽകി സമ്മാന ദാനം നിർവഹിക്കും.
ചടങ്ങിൽ രൂപത ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട് ഉൾപ്പടെ ഉള്ള വൈദികരും സംബന്ധിക്കും. മത്സരത്തിന്റെ ഇടവേളകളിൽ വിവിധ കലാപരിപാടികളും അരങ്ങേറും. ഉച്ചയ്ക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം റവ. ഫാ. ഹാൻസ് പുതിയാകുളങ്ങര ഉത്ഘാടനം ചെയ്യും.
ഉച്ച മുതൽ ഹാളിൽ ഫുഡ് സ്റ്റാളുകളും പ്രവർത്തിക്കും. കരോൾ മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ കമ്മീഷൻ ഫോർ ക്വയർ ചെയർമാൻ റവ.ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ, കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ എന്നിവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23ന് സ്കൂൾ അടയ്ക്കും.
അവധിക്കുശേഷം ജനുവരി അഞ്ചിന് ക്ലാസുകൾ പുനരാരംഭിക്കും. അക്കാദമിക് കലണ്ടർ പ്രകാരം 19ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ ക്രമീകരിച്ചിരുന്നത്. തദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകണം.
അതിനാൽ പരീക്ഷ ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം. ഹയര്‍സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്കൂള്‍ തുറന്നശേഷം നടത്തും.